തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദാലത്തിൽ 13 കേസുകൾ തീർപ്പാക്കി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 20 കേസുകളാണ് പരിഗണിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽപ്പെട്ട അതിർത്തി തർക്കങ്ങൾ, അപകടത്തിൽ പെടുന്ന മരങ്ങൾ മുറിച്ച് മാറ്റൽ തുടങ്ങിയ പരാതികൾക്കാണ് പരിഹാരമായത്. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത്ത് അദാലത്ത് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ, സെക്രട്ടറി പി ആർ ജോൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു കെ ഡി, ഗവ.ലോ കോളേജ് അസോസിയേറ്റ് പ്രൊഫസർ സോണിയ കെ ദാസ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.