അരുവിക്കരയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 32 പവൻ സ്വർണവും 8.65 ലക്ഷം രൂപയും കവർന്നു. ചെറിയ കോണി കാവുനടയിലെ പ്രധാന റോഡിനോട് ചേർന്ന് താമസിക്കുന്ന ജയ്ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ജീവനക്കാരൻ മുരുകന്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. മുരുകനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസർച്ച് ഓഫീസറായ ഭാര്യ പി.ആർ. രാജിയും ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം.വീടിന്റെ പ്രധാന വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് കവർന്നത്. അടുത്തിടെ ഭാര്യയുടെ പേരിലുള്ള വസ്തു വിറ്റതിന്റെ അഡ്വാൻസ് തുകയായ എട്ടുലക്ഷം രൂപയും ഇവരുടെ സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ടുപേർ സഞ്ചിയുമായി വീടിന്റെ മതിൽ ചാടി കാറിൽ കയറി പോകുന്നത് അയൽവാസിയായ സ്ത്രീ കണ്ടിരുന്നു. തുടർന്ന് ഇവർ നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ മുരുകനും ഭാര്യയും ജോലിസ്ഥലത്തുനിന്ന് എത്തി പരിശോധിച്ചതോടെയാണ് വാതിൽ കുത്തിത്തുറന്ന് കവർച്ച നടത്തിയതാണെന്ന് വ്യക്തമായത്. അരുവിക്കര പോലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.