Local

കുന്നംകുളം നഗരസഭയില്‍ 25.14 കോടിയുടെ 328 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

Published

on

കുന്നംകുളം നഗരസഭയില്‍ 25.14 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 328 പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഉല്‍പാദന മേഖല, പാര്‍പ്പിട പദ്ധതികള്‍, വനിത ഘടക പദ്ധതി, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കുള്ള പദ്ധതി, വയോജന പദ്ധതി, പശ്ചാത്തല വികസനം, പട്ടികജാതി ക്ഷേമ പദ്ധതികള്‍ എന്നിവയും ഇതില്‍ പെടും. അംഗീകാരം ലഭിച്ച മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമവും നഗരസഭ ആരംഭിച്ചു.
പൊതുവിഭാഗത്തിലേക്ക് 8.51 കോടി രൂപയും പാര്‍പ്പിട മേഖലയിലേക്ക് 1.20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വനിത ഘടക പദ്ധതിയില്‍ 55.72 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. വയോജന പദ്ധതിക്കായി 27.86 ലക്ഷം, പൊതുവിഭാഗ പശ്ചാത്തല വികസനത്തിന് 1.09 കോടി, പട്ടികജാതി ഉപ വിഭാഗത്തിന് 6.57 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
റോഡ്, റോഡിതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 2.61 കോടി, 2.51 കോടി എന്നിങ്ങനെയും നീക്കിവയ്ക്കും.

പി എം എ വൈ ഭവന പദ്ധതി ജനറല്‍ വിഭാഗത്തിന് 27.75 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 68.22 ലക്ഷം എന്നിങ്ങനെ ചെലവഴിക്കും. വാതില്‍പ്പടി സേവനം ഉറപ്പുവരുത്തുന്നതിനായി 4.06 ലക്ഷം വകയിരുത്തും. ചൊവ്വന്നൂര്‍ കമ്മ്യൂണിറ്റി ഹാള്‍ ഒന്നാം നില പൂര്‍ത്തീകരണം, നഗരസഭ ലൈബ്രറി ഒന്നാം നില അറ്റക്കുറ്റപ്പണി എന്നിവയ്ക്കായി 20 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ വകയിരുത്തി. അമൃത് 2.0 പദ്ധതി വിഹിതമായി 35 ലക്ഷം വിനിയോഗിക്കും. നഗരസഭയില്‍ സാമൂഹ്യ പഠനകേന്ദ്രത്തിനായി 4.5 ലക്ഷം വിനിയോഗിക്കും.

സ്കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ വിതരണത്തിന് 7 ലക്ഷം വകയിരുത്തി. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കരാര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ 5 ലക്ഷം ചെലവഴിക്കും. പട്ടികജാതി ഭവന അറ്റക്കുറ്റപ്പണിക്ക് 18.5 ലക്ഷം, പൊതു ഭവന അറ്റക്കുറ്റപ്പണിക്ക് 11.10 ലക്ഷം എന്നിങ്ങനെയും ചെലഴിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിക്ക് 5.36 ലക്ഷം വിനിയോഗിക്കും.

മാലിന്യ സംസ്കരണം, സിസി ടി വി ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക് 15 ലക്ഷവും പാറയില്‍ മാര്‍ക്കറ്റ് മലിനജല ശുദ്ധീകരണ പദ്ധതിയ്ക്ക് 30 ലക്ഷവും വകയിരുത്തി.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version