ലോകത്തെ പലരാജ്യങ്ങളിലും മങ്കിപോക്‌സ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം കോവിഡ് നിരക്കും കൂടുന്നുണ്ട്. കോവിഡിനു പിന്നാലെ മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേസമയം സ്ഥിരീകരിച്ച യുവാവിന്‍റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള മുപ്പത്തിയാറുകാരനാണ് മൂന്നുരോഗവും ഒരേസമയം സ്ഥിരീകരിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജേണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്‍റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഇയാള്‍ സ്പെയിനിലേക്ക് യാത്ര പോയിരുന്നു. അഞ്ച് ദിവസത്തെ സഞ്ചാരത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയതിന് ശേഷം പനി, തൊണ്ടവേദന, ക്ഷീണം, തലവേദന തുടങ്ങീ നിരവധി അസ്വസ്ഥതകള്‍ യുവാവിനെ ബാധിച്ചിരുന്നു. യാത്ര കഴിഞ്ഞ് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷവും രോഗങ്ങള്‍ മാറാതെ ഇരുന്നതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയിലെത്തി മൂന്ന് ദിവസത്തിനുള്ളില്‍ യുവാവിന് കൊറോണ സ്ഥിരീകരിച്ചു. വൈകാതെ തന്നെ ശരീരഭാഗങ്ങളിലെല്ലാം ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. യുവാവിന്‍റെ ആരോഗ്യസ്ഥിതി മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. മങ്കിപോക്സ് ലക്ഷണങ്ങള്‍ കാണിച്ചതോടെ ഇതിനായുള്ള പരിശോധന നടത്തി. പരിശോധനയില്‍ മങ്കിപോക്സും എച്ച്ഐവിയും സ്ഥിരീകരിക്കുകയായിരുന്നു. കൊറോണയുടെ വിശദമായ ജീനോം പരിശോധനയില്‍ ഒമിക്രോണിന്‍റെ സബ് വേരിയന്‍റാണ് ഇയാളെ ബാധിച്ചതെന്ന് തെളിഞ്ഞു. കൊറോണയും മങ്കിപോക്സും ഭേദമായി ഒരാഴ്ചയ്ക്ക് ശേഷമാണ് യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. എച്ച്ഐവിക്കുള്ള ചികിത്സ ആരംഭിച്ചതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുവാവ് സൈഫര്‍ വാക്‌സിന്‍ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍