തൃശ്ശൂര്‍ ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിന് 4 കോടി രൂപ അനുവദിച്ചതായി എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു. 2022 – 23 ബഡ്ജറ്റില്‍ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ റേഡിയോളജി വിഭാഗങ്ങളുടെ വികസനത്തിനായി 9 കോടി രൂപ നീക്കിവെച്ചിരുന്നു. മെഡിക്കൽ കോളേജുകളിൽ ഇൻ്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെയുള്ള ഇമേജിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് തുക നീക്കിവെച്ചിട്ടുള്ളത്. ഇതിലേക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം തയ്യാറാക്കി നല്‍കിയ പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുകയും 4 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. 1.8 കോടി രൂപ വില വരുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീനും, സ്പെഷ്യൽ എക്സ് റേ എടുക്കുന്നതിനായുള്ള 2. 2 കോടി രൂപ വില പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീനും വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ട്രോമാ കെയർ കെട്ടിടത്തിനു താഴെ പുതിയ മെഷീനുകൾ സ്ഥാപിക്കുന്നതിനായി ധാരണയായിട്ടുണ്ട്. ഇതോടുകൂടി കാഷ്വാലിറ്റി, ട്രോമ വിഭാഗങ്ങളിൽപ്പെടുന്ന രോഗികൾക്ക് അതിവേഗം തന്നെ സ്കാനിങ് റിസൽട്ട് ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. രോഗികളുടെ ബാഹുല്യം കാരണം സ്കാനിങ് റിസൾട്ട് ലഭ്യമാകുന്നത് വൈകുകയും ഇതുമൂലം ചികിത്സ വൈകുകയും ചെയ്യുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. നേരത്തേ തൃശ്ശൂർ മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിൽ 1.5 ടെസ് ല ശേഷിയുള്ള എം ആർ ഐ സ്കാനിങ് മെഷീൻ വാങ്ങുന്നതിന് 6.9 കോടി രൂപ ചിലവഴിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. പുതിയ ഇമേജിംഗ് യന്ത്രങ്ങൾക്ക് തുക അനുവദിച്ചതിനാൽ എത്രയും വേഗം യന്ത്രങ്ങൾ വാങ്ങുന്നതിനും അവ സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എസേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു.