ഷൊർണൂർ കണയത്ത് ഇരുപത്തി നാല് മണിക്കൂറിനിടെ നാല്‍പ്പത്തി രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കാർഷിക മേഖലയ്ക്കു തലവേദനയായി മാറിയ പന്നിക്കൂട്ടങ്ങളെയാണ് അംഗീകൃത സംഘം കൂട്ടത്തോടെ കൊന്നത്. കണയം, പൊയിലൂർ മേഖലയിലായിരുന്നു പന്നിശല്യം രൂക്ഷം. ഒരു രാത്രിയും പകലും പിന്തുടര്‍ന്നാണ് പന്നിക്കൂട്ടത്തെ കണ്ടെത്തി കൊന്നത്. ഷൊർണൂർ നഗരസഭക്ക് കീഴിൽ പ്രത്യേക പരിശീലനം നേടിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.നഗരസഭയ്ക്കു കീഴിൽ പ്രത്യേക പരിശീലനം നേടിയ പത്തംഗ സംഘത്തിൽ എട്ട് ഷൂട്ടർമാരും രണ്ട് സഹായികളുമാണുള്ളത്. കർഷകരുടെ നിരന്തര പരാതിയെ തുടർന്നായിരുന്നു ഒത്തുചേര്‍ന്നുള്ള പ്രതിരോധം. വനം വകുപ്പിന്റെ നടപടികൾക്കു ശേഷം പന്നിയുടെ ജഡം നഗരസഭയുടെ നേതൃത്വത്തിൽ സംസ്കരിച്ചു.