പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം കിട്ടാൻ പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ 70കാരൻ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. പൂവൻകോഴി ഈ സമയം രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നാണ് ഈ വാർത്ത. 70കാരൻ രാജേന്ദ്രനാണ് മരിച്ചത്. മൂന്ന് നിലയുള്ള കെട്ടിടത്തിൽ നിന്നും വീണാണ് ഇയാൾ മരിച്ചത്.കെട്ടിടത്തിന്റെ ഉടമ ലോകേഷിന്റെ നിർദേശത്തെ തുടർന്നാണ് ഐശ്വര്യത്തിനായി കോഴിയെ ബലി െകാടുക്കാൻ തീരുമാനിച്ചത്. ഗൃഹപ്രവേശനത്തിന് മുൻപ് കോഴിയെ ബലി െകാടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നായിരുന്നു ഇയാളുടെ പക്ഷം. രാജേന്ദ്രനെയാണ് ഇക്കാര്യം എൽപ്പിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് പൂവൻകോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രൻ കാൽവഴുതി കെട്ടിടത്തിന് മുകളിൽ നിന്നും വീഴുകയായിരുന്നു. ഈ സമയം കയ്യിലുണ്ടായിരുന്ന കോഴി പറന്നുപോവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.