ചീറ്റകളുടെ പുനരവതരണത്തിനായി രൂപം കൊടുത്ത ‘ആക്ഷൻ പ്ലാൻ ഫോർ ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായാണ് ചീറ്റകൾ രാജ്യത്തെത്തുന്നത്. ആഫ്രിക്കയിലെ നമീബിയയിൽ നിന്നാണ് ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോ-പൽപൂർ നാഷണൽ പാർക്കിലേക്ക് കൊണ്ടു വരുന്നത്. വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ രാജ്യത്ത് എത്തിച്ച് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി 25 ചീറ്റകളെ മദ്ധ്യപ്രദേശിൽ എത്തിക്കും. 8 ചീറ്റകളെയാണ് ആദ്യം എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബർ 17 നാണ് ഇവയെ എത്തിക്കുന്നത്. ഘട്ടം ഘട്ടമായി ആകും 25 ചീറ്റകളെ എത്തിക്കുക എന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. പ്രധാനമന്ത്രിയാവും ഇവയെ തുറന്ന് വിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീറ്റകളെ സ്വീകരിക്കാനായി പാർക്കിന്‍റെ നവീകരണ പ്രവൃത്തികൾ എം.പി , മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർക്കൊപ്പം കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവും വിലയിരുത്തി. പാർക്കിൽ പ്രത്യേകം നിർമ്മിച്ച ചുറ്റുമതിലിനുള്ളിലേക്കാവും ചീറ്റകളെ തുറന്ന് വിടുക. തുറന്ന് വിട്ടതിന് പിന്നാലെ കുറച്ച് നാൾ ഇവയെ ക്വാറന്റൈൻ ചെയ്യിക്കും. മറ്റൊരു ഭൂഖണ്ഡത്തിൽ നിന്ന് ചീറ്റപ്പുലികളെ രാജ്യത്തെക്ക് കൊണ്ട് വരുന്ന ആദ്യ സംഭവമാണ് ഇത്. ചീറ്റകളെ എത്തിക്കാനായി പാർക്കിനുള്ളിൽ രണ്ട് ഹെലിപാഡുകളും പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്കായി അഞ്ച് ഹെലിപാഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. പാർക്കിലെത്തുന്ന ചീറ്റകളെ നിരീക്ഷിക്കാനായി നാല് അത്യാധുനിക ക്യാമറകളാണ് ഒരുക്കിയിരിക്കുന്നത്.