അടൂർ കെ.പി. റോഡിൽ പതിനാലാംമൈലിന് സമീപം ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലമേൽ കുരമ്പാല സൗത്ത് കടമാംകുളം തച്ചനംകോട്ട് മേലേതിൽ ടി.ജി. വർഗീസിന്റെയും ഏലമ്മയുടേയും മകൻ ബിനിൽ വർഗീസ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.തിരുനെൽവേലിയിൽനിന്ന് ആലപ്പുഴ വണ്ടാനത്തേക്ക് സിമന്റുമായി പോകുകയായിരുന്നു ലോറി. അതേദിശയിലാണ് ബിനിലും ബൈക്കിൽ പോയത്. ബിനിൽ ലോറിക്ക് അടിയിലേക്ക് വീണു. ഇദ്ദേഹത്തേയുംകൊണ്ട് ലോറി 20 മീറ്ററോളം മുന്നോട്ടുപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങി. അടൂരിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് ബിനിലിനെ പുറത്തെടുത്തത്.മറ്റൊരു വാഹനത്തിൽത്തട്ടിയാണ് ബിനിൽ ലോറിക്കടിയിൽപ്പെട്ടതെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കാൻ സമീപത്തെ നിരീക്ഷണക്യാമറകൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ബിനിലിന്റെ സഹോദരൻ അഖിൽ.