ദേവികുളം സബ് കലക്ടറുടെ വസതിക്കു മുൻപിൽ രക്തക്കറ കണ്ടെത്തിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് ദേശീയ പാതയോരത്തുള്ള സബ് കലക്ടറുടെ വസതിക്കു സമീപമാണ് ശുചീകരണ തൊഴിലാളികൾദേശീയ പാതയോരം വരെയുള്ള 50 മീറ്റർ ഭാഗത്ത് പലയിടങ്ങളിലായി രക്തക്കറകൾ കണ്ടെത്തിയത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സബ് കലക്ടർ രാഹുൽ കൃഷ്ണശർമ സ്ഥലത്തെത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി. പരിശോധനയിൽ പ്രദേശത്തു നിന്നു പുലിയുടെ കാൽപാടുകൾ കണ്ടെത്തി. നായ്ക്കളെയോ മറ്റോ പുലി കൊന്ന് കാട്ടിലേക്ക് കൊണ്ടുപോയ താകാനാണു സാധ്യതയെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.സബ് കലക്ടറുടെ നിർദേശപ്രകാരം വനംവകുപ്പുദ്യോഗസ്ഥരും ആർആർടി അംഗങ്ങളും സമീപത്തെ വനമേഖലയിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ടു ദിവസം മുൻപ് സബ് കലക്ടറുടെ വസതിയിൽ നിന്ന് 300 മീറ്റർ ദൂരത്തായി പാതി തിന്ന നിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയിരുന്നു.