പറക്കോട് സ്വദേശി വിഷ്ണു വിജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ ഡോക്ടറെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. വീണ് കാലിന് പരുക്കേറ്റതിനേത്തുടര്‍ന്നാണ് വിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടറോട് തട്ടിക്കയറിയ ഇയാള്‍ കിടത്തി ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കിടത്തി ചികിത്സ ആശുപത്രിയില്‍ ഇല്ലെന്ന് പറഞ്ഞതോടെ ഡോക്ടറോട് തട്ടിക്കയറുകയും തെറിവിളിക്കുകയായിരുന്നുവെന്നുമാണ് പരാതി. പ്രശ്‌നത്തില്‍ ഇടപെട്ട മറ്റൊരാള്‍ക്ക് നേരെ പ്രതി മുളക് പൊടി സ്‌പ്രേ ചെയ്തെന്നും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ വിഷ്ണു വിജയന്‍ ആശുപത്രിയില്‍ നിന്ന് കടന്ന് കളയുകയായിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. കിച്ചു എന്ന പേരാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരുന്നത്. പ്രതിക്കെതിരെ കാപ്പ നിയമപ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.