ചാലക്കുടി മേലൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ചാരായവും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ മുങ്ങി. കിങ്ങിണി എന്ന ബ്രാന്‍ഡിലായിരുന്നു ചാരായ വില്‍പന.ചാലക്കുടി മേലൂരില്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്ന ആളുണ്ടെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. വീട് കണ്ട ഉദ്യോഗസ്ഥര്‍ക്കു സംശയം. വിവരം നല്‍കിയ ആള്‍ക്ക് തെറ്റിയതാകുമെന്ന് കരുതി. കാരണം, കെ.എസ്.ഇ.ബിയിലെ അസിസ്റ്റന്റ് കാഷ്യറായ സുകുമാരന്റേതായിരുന്നു വീട്. ഭാര്യ അധ്യാപികയും. ചാരായ വില്‍പന ഉണ്ടെന്ന് ഉറപ്പ് പറഞ്ഞതോടെ വീട്ടില്‍ കയറി പരിശോധിച്ചു. ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ ചാരായവും വാറ്റുപകരണങ്ങളും വാഷും കണ്ടെടുത്തു. സുകുമാരനെ പിടികൂടാന്‍ കെ.എസ്.ഇ.ബി ഓഫിസില്‍ ചെന്നപ്പോള്‍ ആള് മുങ്ങി. വിവാഹങ്ങള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കും ഓര്‍ഡര്‍ എടുത്ത് ചാരായം വാറ്റുകയായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലിറ്റര്‍ ചാരായത്തിന് ആയിരം രൂപയായിരുന്നു നിരക്ക്. കിങ്ങിണി എന്നായിരുന്നു ചാരായത്തിന്റെ വിളിപ്പേര്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.