News

ഒരു ചാന്‍സിലര്‍ മതി; സര്‍വകലാശാല ബില്ലില്‍ ഭേദഗതി നിര്‍ദേശവുമായി പ്രതിപക്ഷം

Published

on

സര്‍വകലാശാല ബില്ലില്‍ ഭേദഗതിയുമായി പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സിലര്‍ മതിയെന്നാണ് നിര്‍ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സിലറാകണം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാന്‍സിലറെ നിയമിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. സമിതിയില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ അംഗങ്ങളായിരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. സബ്ജെക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പ് മൂലം പ്രതിപക്ഷം ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. കഴിഞ്ഞ തവണ സഭ ബില്‍ സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടതാണ്. സബ്ജെക്ട് കമ്മിറ്റിയുടെ ശുപാര്‍ശകളും ഭേദഗതികളും ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചുകൊണ്ടാണ് ബില്‍ സഭയിലെത്തുക.ഗവര്‍ണറെ മാറ്റുന്നതിലൂടെ സര്‍ക്കാര്‍ മാര്‍ക്‌സിസ്റ്റ്വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എന്നാല്‍ ഗവര്‍ണര്‍ സംഘിവത്ക്കരണം നടത്തുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇരുകൂട്ടരെയും ഒരുപോലെ എതിര്‍ക്കാനാണ് പ്രതിപക്ഷ നീക്കം. അതത് മേഖലകളിലെ പ്രഗല്‍ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. സര്‍വകലാശാല നിയമങ്ങളിലും മാറ്റം വരുത്തും. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖേനെ സര്‍വകലാശാലകളുടെ ചാന്‍സലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version