തമിഴ്നാട്ടില്‍ പടക്ക നിർമാണശാലയിൽ തീപിടിത്തം. അപകടത്തില്‍ അച്ഛനും മകനും ഉൾപ്പെടെ 3 പേർ പൊള്ളലേറ്റ് മരിച്ചു. രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് ഉച്ചയോടെ തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ ആമ്പല്ലൂർ ഗ്രാമത്തിന് സമീപമുള്ള പടക്ക നിർമാണശാലയിലാണ് അപകടമുണ്ടായത്.കടയുടമ ആർ കുമാർ(45) മകൻ കെ ദയാലമൂർത്തി(12) എന്നിവരാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. നട്രംപള്ളി ടൗൺ നിവാസിയായ കുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമത്തിൽ പടക്കക്കട നടത്തി വരികയായിരുന്നു. മകൻ കെ ദയാലമൂർത്തിക്കൊപ്പമാണ് ഇന്ന് കട തുറന്നത്. തൊഴിലാളികളായ അമ്പൂർ താലൂക്ക് സ്വദേശികളായ ആർ വേലായുധം(57), എസ് രാമൻ(36) എന്നിവരും കടയിൽ ഉണ്ടായിരുന്നു.കുമാറും മകനും ഗോഡൗണിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് പടക്കങ്ങൾ പൊട്ടിത്തെറിക്കുകയും കടയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു. വഴിയാത്രക്കാർ ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ആമ്പല്ലൂർ പൊലീസ് കേസെടുത്തു.