Kerala

ട്രെയിൻ വരുന്നതിനിടെ നാലുവയസുകാരൻ പാളത്തിലേക്ക് ഓടി; രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published

on

കൊച്ചി: ട്രെയിൻ വരുന്നതിനിടെ അമ്മയുടെ കൈവിട്ട് പാളത്തിലേക്ക് ഓടിയ നാലുവയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കോഴിക്കോടേക്ക് പോകാനായി സ്റ്റേഷനിലേക്ക് വന്ന കുടുംബത്തിലെ കുട്ടിയാണ് അമ്മയുടെ കൈവിട്ട് പാളത്തിനപ്പുറം നിന്ന അച്ഛനരികിലേക്ക് ഓടിയത്. എന്നാൽ ഈ സമയം ട്രെയിൻ തൊട്ടരികിൽ എത്തിയിരുന്നു. പാളത്തിനരികിൽ വീണുപോയ കുട്ടിയെ അച്ഛൻ വലിച്ചുമാറ്റുകയായിരുന്നു.

കോഴിക്കോട് ഭാഗത്തേക്ക് പോകാനായി എത്തിയ ഭര്‍ത്താവും ഭാര്യയും മൂന്നു കുട്ടികളും അമ്മൂമ്മയും ഉൾപ്പെടുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടത്. നോര്‍ത്ത് മെട്രോ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവർ പാളം മറികടന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വന്നത്. മേൽപ്പാലം അറ്റകുറ്റപ്പണിയ്ക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ട്രാക്കിലെ ട്രോളിവേയിലൂടെയാണ് ഇവർ വന്നത്.

കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നത് കണ്ട ഇവർ ധൃതിപിടിച്ച് പാളം മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് രണ്ടു കുട്ടികളുമായി ആദ്യം പാളം മുറിച്ചു കടന്നു. അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയതിനാല്‍ അമ്മയും ഒരു കുട്ടിയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. എന്നാൽ അതിനിടെ അമ്മയുടെ കൈവിട്ട് നാലുവയസുകാരന്‍ ട്രാക്കിന് അപ്പുറത്തുനിന്ന് അച്ഛന്റെ അരികിലേക്ക് ഓടുകയായിരുന്നു. ട്രെയിൻ തൊട്ടരികിൽ എത്തിയപ്പോഴായിരുന്നു. ഈ കാഴ്ച കണ്ട് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉറക്കെ നിലവിളിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും സ്തംബ്ധരായിപ്പോയി.

അച്ഛനരികിലേക്ക് ഓടിയ കുട്ടി പാളം മുറിച്ചുകടക്കുന്നതിനിടെ മറിഞ്ഞുവീഴുകയും ചെയ്തു. ഇതുകണ്ട അച്ഛന്‍ ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ഏതാനും ബോഗികള്‍ ഇവരെയും മറികടന്നാണ് നിന്നത്.

Advertisement

അപ്പോഴേക്കും പോര്‍ട്ടര്‍മാരും ആര്‍പിഎഫുമെല്ലാം ഓടിയെത്തി കുടുംബത്തെ വെയ്റ്റിങ്ങ് റൂമിലിരുത്തി വെള്ളമെല്ലാം നല്‍കി ആശ്വസിപ്പിച്ചു. നേരത്തെ റിസർവ് ചെയ്തതിനാൽ ഈ കുടുംബത്തെ അതേ ട്രെയിനിൽത്തന്നെ യാത്രയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version