മലപ്പുറം പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട . വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം കടത്തുന്നുണ്ട് എന്ന രഹസ്യവിവരം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എന്നിവർ പാതായിക്കര തണീർ പന്തലിൽ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിക്കപ്പ് വാഹനത്തിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽക്കോടിയോളം രൂപ കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടർ നടപടികൾക്കായി ആദായനികുതി വിഭാഗത്തിനും, എൻഫോഴ്സ്മെൻ്റ് വിഭാഗത്തിനും റിപ്പോർട്ട് നൽകും. സി.പി.ഒ. ഷൈജു മാത്യൂവും, ജില്ല പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് വാഹന പരിശോധന നടത്തിയത്.