ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം എം എൽ എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ ഗാർഹിക ഉപയോക്താക്കൾക്കും സമ്പൂർണ്ണമായി കുടിവെള്ളമെത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. കേന്ദ്ര – കേരള സർക്കാർ വിഹിതം പഞ്ചായത്ത് – ഗുണഭോക്തൃ വിഹിതം എന്നിവയെല്ലാം ചേർത്താണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. മണ്ഡലത്തിലെ കാറളം – കാട്ടൂർ – പടിയൂർ – പൂമംഗലം എന്നീ പഞ്ചായത്തുകൾക്കായി നിലവിലുള്ള പദ്ധതിയിൽ നിന്നും മുരിയാട് – വേളൂക്കര – ഇരിങ്ങാലക്കുട എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ആളൂർ ഗ്രാമ പഞ്ചായത്തിനും പുതിയ പദ്ധതിയിൽ നിന്നുമാണ് കുടിവെള്ള വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. നിലവിൽ എല്ലായിടങ്ങളിലും പൈപ്പിടൽ നടക്കുന്നുണ്ടെങ്കിലും ഇത് വേഗത്തിൽ തീർക്കണമെന്നും നിലവിലുള്ള സ്വാശ്രയ കുടിവെള്ള പദ്ധതികളെ ജൽ ജീവൻ മിഷനുമായി യോജിപ്പിക്കണമെന്നും പദ്ധതിയുമായി സഹകരിക്കാൻ വിമുഖത കാണിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇരിങ്ങാലക്കുട പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ വെച്ച് ചേർന്ന യോഗത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രൻ, സീമ പ്രേംരാജ്, കെ ആർ ജോജോ, കെ എസ് ധനീഷ്, ലത സഹദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സരിത സുരേഷ്, കവിത സുരേഷ്, കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ വിജുമോഹൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ രേഷ്മ, വാസുദേവൻ, നാട്ടിക പ്രൊജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ലിജി, അരുൺ പോൾ, സുനിൽ, ഓവർസിയർമാരായ സലീഷ്, ബിന്ദു, ഗ്രീഷ്മ പങ്കെടുത്തു.