ഗുരുവായൂരില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കേനടയിലെ റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേർ തമ്മില്‍ ആയിരുന്നു വാക്കേറ്റം. വർഷത്തോളമായി ഗുരുവായൂരിൽ കഴിയുന്ന 44 വയസ്സുള്ള അനിൽകുമാറിനാണ് ഗുരുതര പരിക്കേറ്റത്.ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ തെര്‍മ്മോക്കോള്‍ കട്ടര്‍ പോലുള്ള ആയുധം ഉപയോഗിച്ച് അനിൽ കുമാറിനെ ആഴത്തില്‍ മുറിവേൽപ്പിച്ച ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. ആക്രമണത്തില്‍ അനില്‍കുമാറിന്‍റെ വലതു കൈക്ക് മാരകമായി മുറിവേറ്റു. കൂടാതെ മൂക്കിനും മുറിവേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ അനില്‍ കുമാറിനെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.