Malayalam news

മലയാളികൾക്ക് മറക്കാനാകാത്ത മനോഹരഗാനങ്ങൾ സമ്മാനിച്ച അതുല്യകലാകാരൻ; അർജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് മൂന്ന് വർഷം

Published

on

പ്രശസ്തസംഗീതസംവിധായകൻ അർജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് മൂന്ന് വർഷം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ മലയാളികൾക്ക് മറക്കാനാകാത്ത മനോഹരഗാനങ്ങൾ സമ്മാനിച്ചു അർജുനൻ മാസ്റ്റർ.
ഫോർട്ട് കൊച്ചിയിൽ ജനിച്ച എം കെ അർജുനൻ പിന്നീട് മലയാളികളുടെ സ്വന്തം അർജുനൻ മാസ്റ്ററായി മാറി. ദേവരാജൻമാസ്റ്റർക്കൊപ്പം ചേർന്ന് നാടകഗാനങ്ങൾക്ക് ഹാർമോണിയം വായിച്ചാണ് തുടക്കം. പിന്നീട് നാടകഗാനങ്ങൾക്ക് ഈണം പകർന്നു. കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെ അർജുനൻ മാസ്റ്റർ സിനിമയിലെത്തി. പി ഭാസ്‌കരൻ ഈണമിട്ട ഗാനങ്ങൾക്ക് അർജുനൻ മാസ്റ്റർ സംഗീതം നൽകി. എല്ലാം മനോഹരമായ ഗാനങ്ങൾ. ഹൃദയത്തിൽ വന്ന് തൊടുന്ന വരികളും ഈണവുമായിരുന്നു അവയ്ക്ക്.
വയലാറിന്റെ വരികൾക്ക് അൻപതോളം ഗാനങ്ങൾക്ക് ഈണമിട്ടു. ശ്രീകുമാരൻ തമ്പി എംകെ അർജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്നത് മറക്കാനാകാത്ത സുന്ദരഗാനങ്ങൾ. ചെമ്പകത്തൈകൾ പൂത്ത , നിൻമണിയറയിലെ ,പാടാത്ത വീണയും പാടും, മല്ലികപ്പൂവിൻ, തങ്കഭസ്മക്കുറിയിട്ട, ചെട്ടികുളങ്ങര, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, എത്ര സുന്ദരി എത്രപ്രിയങ്കരി, പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ…ഇങ്ങനെ നീളുന്നു ആ ഗാനങ്ങൾ.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട് എം.കെ അർജുനൻ മാസ്റ്റർ എന്ന സംഗീത പ്രതിഭയ്ക്ക്.

Trending

Exit mobile version