Business

ലേഡീസ് ഹോസ്റ്റലിൽ നിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പിടികൂടി

Published

on

ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലിൽനിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരസ്വദേശിനി രാമലക്ഷ്മി (31) ആണ് ആർ.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകൾക്കു മുമ്പ് ആർ.എസ്. പുരം രാഘവൻവീഥിയിലെ ലേഡീസ് ഹോസ്റ്റലിൽ മുറിയന്വേഷിച്ച് ചെന്നതായിരുന്നു രാമലക്ഷ്മി.ആദായനികുതി ഉദ്യോഗസ്ഥയാണെന്നും സിവിൽസർവീസ് പരിശീലനത്തിനായി കോയമ്പത്തൂരിൽ എത്തിയതാണെന്നുമാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പിന്റെ ഐ.ഡി. കാർഡും സർട്ടിഫിക്കറ്റുകളും കാണിച്ചിരുന്നു. ഉദ്യോഗസ്ഥബന്ധംപറഞ്ഞ രാമലക്ഷ്മി സർക്കാർജോലി വാഗ്ദാനംചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിൽ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു. രണ്ടുപേരിൽനിന്ന് ലാപ്ടോപ്പുകളും 30,000 രൂപയും വാങ്ങിയശേഷം പിന്നീട് മടങ്ങിയെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.ഹോസ്റ്റൽവാർഡൻ കാർത്ത്യായനി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ കോയമ്പത്തൂരിലെ കൂട്ടുകാരിയുടെവീട്ടിൽ തങ്ങിയിരുന്ന രാമലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തു. ചോദ്യംചെയ്തതിൽ ധർമപുരി, മധുര, തിരുനെൽവേലി ജില്ലകളിൽ വിവിധപേരുകളിൽ തങ്ങി, വ്യാജവിലാസം നൽകി സ്ത്രീകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പോലീസിനോട് സമ്മതിച്ചു. ഇവരെ ജയിലിലടച്ചു.

Trending

Exit mobile version