അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് മുഖേന സംവിധാനം. കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്പർ അപ്‌ഡേഷനും പോസ്റ്റുമാന്‍ വഴി ചെയ്യാനാകും. ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ സ്മാര്‍ട്ട് ഫോണും ബയോമെട്രിക് സംവിധാനവുമുള്ള 1,30,000ല്‍ പരം പോസ്റ്റുമാന്‍, ഗ്രാമീണ ഡാക് സേവകന്മാരും 650 ഐപിപിബി ബ്രാഞ്ചുകളുമടങ്ങുന്ന വിപുലമായ ശൃംഖല വഴിയാണ് ഈ സേവനം. സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാകും. ഒരു വര്‍ഷം മുന്‍പ് സേവനമാരംഭിച്ചെങ്കിലും ഈ സേവനങ്ങള്‍ സബ് പോസ്റ്റ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസുകളിലും മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാ പോസ്റ്റുമാന്‍മാര്‍ക്കും യുഐഡി അനുമതി ലഭിച്ചതോടെയാണ് പദ്ധതി വീട്ടുപടിക്കലെത്തുന്നത്. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 3.6 കോടി മൊബൈല്‍ ആധാര്‍ അപ്‌ഡേറ്റ് സേവനവും എട്ടു ലക്ഷത്തിലധികം കുട്ടികളുടെ എന്റോള്‍മെന്റുകളും പോസ്റ്റ്‌ഓഫീസ് വഴി ചെയ്തു.