ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്ന പ്രവണതയ്ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്. മൊബൈൽ ഫോൺ ഉപയോഗം പിടികൂടുന്നതിന് അത്യാധുനിക റഡാറുകൾ എമിറേറ്റിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്.വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ വിഡിയോ ചിത്രീകരിച്ചും, സംസാരിച്ചും, മെസേജ് അയച്ചും ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടമാവുകയാണെന്ന് അബുദാബി പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ മുഹമ്മദ് ദാഹി അൽ ഹുമിരി ചൂണ്ടിക്കാട്ടി. മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ ശ്രദ്ധ നഷ്ടമാവുന്ന ഡ്രൈവർമാർ റെഡ് സിഗ്നൽ മറികടന്നും പാതമാറിയും വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നുണ്ട്.ഈവർഷം ഇതുവരെ ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിച്ചതിന് ഒരുലക്ഷത്തിലേറെ പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരിൽനിന്ന് 800 ദിർഹം വീതം പിഴയും ലൈസൻസിൽ നാലു ബ്ലാക്ക് പോയൻറും ചുമത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിൻ്റെ നീക്കം.