International

കോവിഡിനെ ഫലപ്രദമായി നേരിട്ട നഗരങ്ങളിൽ ഒന്നാംസ്ഥാനം അബുദാബിക്ക്

Published

on

കോവി‍ഡിനെ ഫലപ്രദമായി നേരിട്ട ലോകത്തെ 100 മികച്ച നഗരങ്ങളിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായുള്ള ഡീപ്‌ടെക് അനലിറ്റിക്കിന്‍റെ സഹോദര സ്ഥാപനം നോളജ് അനലിറ്റിക്‌സ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രാദേശിക രാജ്യാന്തര നഗരങ്ങളെ താരതമ്യം ചെയ്തപ്പോൾ അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല ശക്തിപ്പെട്ടതായും ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം, പ്രതിബദ്ധത, നേതൃത്വം, മഹാമാരിയെ സമയോചിതമായി നേരിട്ട രീതി, പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ വിലയിരുത്തി. സർക്കാരിന്‍റെ കാര്യക്ഷമത, സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ്, ആരോഗ്യപരിപാലനം, ക്വാറന്‍റീൻ നടപടികൾ, വാക്‌സീൻ യജ്ഞം, വാക്സീൻ സ്വീകരിച്ചവരുടെ തോത് എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.കോവിഡിലും അബുദാബിയുടെ സാമ്പത്തിക, വ്യാപാര, ആരോഗ്യ മേഖല പിടിച്ചുനിന്നു. എമിറേറ്റിൽ ദിവസേന 5 ലക്ഷത്തിലേറെ കോവിഡ് പരിശോധനകൾ നടത്തിയും 27 ഡ്രൈവ് ത്രൂ പരിശോധനാ, വാക്സീൻ കേന്ദ്രങ്ങൾ ഒരുക്കിയും അബുദാബി സുരക്ഷ ശക്തമാക്കി. യോഗ്യരായ ഭൂരിഭാഗം പേർക്കും വാക്സീൻ നൽകി. ആശുപത്രികളുടെയും തീവ്രപരിചരണ വിഭാഗങ്ങളിലെ കിടക്കകളുടെ എണ്ണം 300 ശതമാനവും വർധിപ്പിച്ചു. ഇതുമൂലം ഏറ്റവും കുറഞ്ഞ മരണ, അണുബാധ നിരക്കാണ് റിപ്പോർട്ട് ചെയ്തത്. വാക്സീൻ പരീക്ഷണത്തിലും കുത്തിവയ്പിലും വാക്സീൻ വിതരണത്തിലുമെല്ലാം യു എ ഇ ലോക രാജ്യങ്ങൾക്കു മാതൃകയായി. 60ലേറെ രാജ്യങ്ങളിലേക്കായി 26 കോടി ഡോസ് വാക്സീനാണ് അബുദാബി എത്തിച്ചത്. ഇതെല്ലാം മികവിന്‍റെ ഉയരങ്ങളിലെത്താൻ അബുദാബിയെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version