മതിലകം സെന്‍റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പുന്നക്കബസാർ പുളിഞ്ചോട് സ്വദേശി വട്ടപ്പറമ്പിൽ സെയ്നുദ്ദീൻ്റെ മകൻ അദ്നാൻ (12), എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൂളിമുട്ടം തറയിൽ സുരേന്ദ്രൻ്റെ മകൾ നിവേദിക (13) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അദ്നാനെ ആദ്യം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റി. നിവേദികയെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെ മതിലകം പള്ളി വളവിൽ ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപമായിരുന്നു അപകടം. ഇരുവരും സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു. അദ്നാൻ സൈക്കിളിലായിരുന്നു. നെടുംമ്പാശ്ശേരിയിൽ നിന്ന് തിരൂരിലേക്ക് പോയിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.