രാജ്യത്ത് വാഹനാപകടങ്ങളിൽ പൊലിയുന്നതിൽ ഭൂരിപക്ഷം യുവാക്കളുടെ ജീവനെന്ന് കണക്കുകൾ. 2021ൽ റോഡപകടത്തിൽ മരിച്ചവരിൽ കൂടുതലും യുവാക്കളാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 18നും 45 വയസിനും ഇടയിലുള്ളവരാണ് കൂടുതല്‍. ഇതിൽ പുരുഷൻമാരുടെ എണ്ണം വർധിച്ചു വരികയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.2021ൽ രാജ്യത്തുണ്ടായ ആകെ വാഹനാപകടങ്ങളുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അപകടത്തിൽ മരിച്ച 7764 പേർ 18നും 25നും ഇടയിൽ പ്രായമുള്ളവരാണ്. 25നും 35 വയസിനുമിടയിലുള്ള 39,646 പേർക്കാണ് 2021ൽ റോഡിൽ ജീവൻ നഷ്ടപ്പെട്ടത്. കോവിഡിന് മുൻപുള്ള കണക്കുകൾ പ്രകാരം 2019ൽ 39,023 പേരാണ് റോഡിൽ മരിച്ചത്. ലോക്ഡൗൺ വർഷമായ 2020ൽ ഇതിൽ കുറവുണ്ടായി. എന്നാൽ, ലോക്ഡൗൺ ഇളവുകൾ ലഭിച്ചതോടെ വീണ്ടും എണ്ണത്തിൽ വർധനയുണ്ടായി.