Malayalam news

ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി: 138 ബെറ്റിങ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു

Published

on

ചൈനീസ് ആപ്പുകള്‍ ക്കെതിരെ നിയമ നടപടിയുമായി കേന്ദ്ര സർക്കാർ. 138 ബെറ്റിങ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചു. ആപ്പുകളിലൂടെ തട്ടിപ്പുകള്‍ വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
288 ചൈനീസ് ആപ്പുകളുടെ വിശകലനം ആറു മാസം മുന്‍പാണ് സർക്കാർ തുടങ്ങിയത്. ഈ ആപ്പുകള്‍ക്ക് ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആപ്പുകള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിഘാതമാണെന്നാണ് നിരീക്ഷണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് നടപടി ആരംഭിച്ചത്.
ഈ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടവ് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇരട്ടിയിലധികം തുക അടച്ചിട്ടും ആപ്പിനു പിന്നിലുള്ളവര്‍ വീണ്ടും തുക ആവശ്യപ്പെട്ടതോടെ ആളുകള്‍ ജീവനൊടുക്കുന്ന സാഹചര്യം വരെയുണ്ടായി. തിരിച്ചടവ് മുടങ്ങുന്നതോടെ മോർഫ് ചെയ്‌ത ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ചൈനീസ് ലോണ്‍ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 94 ആപ്പുകൾ ഇ-സ്റ്റോറുകളിൽ ലഭ്യമാണെന്നും മറ്റുള്ളവ തേര്‍ഡ് പാര്‍ട്ടി ലിങ്കുകളിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കണ്ടെത്തി. 500ലധികം ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ നിരോധിച്ചു.

Trending

Exit mobile version