നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് അതിജീവിതയുടെ ആവശ്യം തള്ളിയത്. ജഡ്ജി ഹണി എം വര്‍ഗീസിനെ വിശ്വാസമില്ല, ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ട് എന്നതടക്കമുള്ള വാദങ്ങളാണ് അതിജീവിത ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഹര്‍ജിയെ നടന്‍ ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദംകേള്‍ക്കല്‍. ഓണാവധി സമയത്ത് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയും വാദം കേട്ടു.
വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസില്‍ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കിയിരുന്നു.