രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് വിചാരണക്കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ഉത്തരവ്. അന്വേഷണം വൈകിപ്പിക്കാൻ പാടില്ല. സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ നടപടികൾ ഒരുതരത്തിലും കേസിന്‍റെ വിചാരണയടക്കമുള്ള തുടർ നടപടികളെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. വിധിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെമ്മറി കാർഡ് കേന്ദ്ര ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിന് എതിർപ്പില്ലെന്നായിരുന്നു കഴിഞ്ഞയാഴ്ച പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.