ലൈംഗീക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. വിദേശത്തായിരുന്നപ്പോള്‍ വിജയ് ബാബു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് അതിജീവിത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാന്‍ അതിജീവതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ നടപടി ആരംഭിച്ചു.ഇതിനായി ഉടന്‍ തന്നെ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കും. അഭിഭാഷകന്‍ രാകേന്ദ് ബസന്താണ് അതിജീവിതയുടെ അപ്പീല്‍ ഫയല്‍ ചെയ്തത്.