പത്തനംതിട്ട : നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തിയമ്മ മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ്ത് . മന്ത്രവാദിനിയെയും ഭർത്താവിനെയും ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. നാട്ടുകാർക്കിടയിലൂടെ വീടിന് പുറത്ത് ഇറക്കി നടത്തി കൊണ്ടുപോകണമെന്ന് നാട്ടുകാരും പ്രതിഷേധക്കാരും ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് മന്ത്രവാദിനിയെയും സഹായിയെയും നാട്ടുകാർക്കിടയിലൂടെയാണ് അറസ്റ്റ് ചെയ്‌ത് കൊണ്ടുപോയത്. മന്ത്രവാദത്തിനെതിരെ യുവജന സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.
മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയതിന് പിന്നാലെ മഠത്തിന് മുന്നിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ എത്തി. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ബിജെപി പാർട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയത്. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ കേന്ദ്രത്തിൽ വർഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നു എന്ന് ആക്ഷേപമുണ്ട് . സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.