അറുന്നൂറിലേറെ പന്നികളെ കൊന്നൊടുക്കും.
കടങ്ങോട് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സ്ഥിതി രൂക്ഷം. സ്വകാര്യ ഫാമിലെ പന്നികള്‍ ചത്തൊടുങ്ങുന്നത് തുടരുകയായിരുന്നു. കാരണമന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഇത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് വ്യക്തമായത്. ചത്തപന്നികളുടെ സ്രവങ്ങളും രക്ത സാംപിളും ശേഖരിച്ചിരുന്നു. രോഗത്തിനു ചികില്‍സ ഇല്ലാത്തതിനാല്‍ പടരാതെ നോക്കുകയാണ് പ്രതിവിധി. ദയാവധമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇലക്ട്രിക്ക് ഷോക്കേൽപ്പിച്ച് ബോധം കെടുത്തും. പിന്നീട്, ശരീരത്തില്‍ മുറിവേല്‍പ്പിക്കും. രക്തം വാര്‍ന്ന് ചത്തൊടുങ്ങും. ദീർഘ സമയമെടുക്കുന്ന പ്രക്രിയയായതിനാൽ ദയാവധം പൂര്‍ണമായും നടപ്പാക്കാന്‍ രണ്ടു ദിവസമെടുക്കും.എനിമല്‍ ഡിസീസ് കണ്‍ട്രോള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമാണ് ദയാവധം നടപ്പാക്കുന്നത്. തൃശൂര്‍ ചേര്‍പ്പ് എട്ടുമുനയില്‍ സമാനമായി പന്നികളെ കൊന്നൊടുക്കിയിരുന്നു. ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മനുഷ്യരിലേക്ക് പടരില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധര്‍ പറഞ്ഞു.