പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി വളർത്തു നായയെ കൊന്നു. പുളിഞ്ചോട് സ്വദേശി മണികണ്ഠന്റെ നായയെയാണ് രാത്രിയിൽ പുലി പിടിച്ചത്. ബഹളം കേട്ട് പുറത്തിറങ്ങിയപ്പോൾ നായയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞെന്നാണ് വീട്ടുകാർ വനപാലകരെ അറിയിച്ചത്. നായയെ ആക്രമിച്ച രീതിയും കാൽപ്പാടുകളും പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപ് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിലെ കമ്പിയിൽ കാൽ കുരുങ്ങിയ ആൺ പുലി ചത്തിരുന്നു. ഇരുപത് ദിവസം മുൻപാണ് തത്തേങ്ങലത്ത് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്ന് പുലികളെ യാത്രക്കാര്‍ കണ്ടത്. വനാതിർത്തിയോട് ചേർന്ന് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലി കുടുങ്ങിയിട്ടില്ല. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം കൃത്യമായി മനസിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.