Local

വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Published

on

വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന വയോസേവന പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു .മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും തെരഞ്ഞെടുത്തു. അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം.കലാ സാംസ്‌കാരികമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് ചിത്രകാരനും ശില്പിയുമായ പുനഞ്ചിതയും നാടക കലാകാരനായ മുഹമ്മദ് പേരാമ്പ്രയിലും (അഹമ്മദ് ചെറ്റയിൽ) പൊറാട്ട് നാടക കലാകാരനായ പകനും അർഹരായി. 25,000 രൂപ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തിപത്രവുമാണ് സമ്മാനം. സമഗ്രസംഭാവനയ്ക്കുള്ള അവാർഡിന് എഴുത്തുകാരി ഡോ.എം ലീലാവതിയും ഗായകൻ പി ജയചന്ദ്രനനും അർഹരായി. 25000 രൂപ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവുമാണ് സമ്മാനം. മികച്ച മെയിൻറനൻസ് ട്രിബ്യൂണലായി ഒറ്റപ്പാലം മെയിൻറനൻസ് ട്രിബൂണൽ (ആർ ഡി ഒ) തെരഞ്ഞെടുത്തു. മികച്ച ഓൾഡേജ് ഹോമായി കൊല്ലം, ഗവൺമെൻറ് ഓൾഡേജ് ഹോമാണ് സമ്മാനാർഹമായത്. ഇവർക്ക് പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.കാഴ്ച പരിമിതർക്കും അവയവദാന മേഖലയിലും സ്തുത്യർഹമായ സേവനം നടത്തുന്ന സി വി പൗലോസ് സാമൂഹിക സേവനത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.ഒക്ടോബർ 1 ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് തൃശ്ശൂരിൽ നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version