Kerala

“അയിത്താചരണത്തില്‍ ജന്മനാ ചിലരെ ശുദ്ധരും ചിലരെ അശുദ്ധരുമാക്കുന്നു” ഡോ. മോഹന്‍ ഗോപാല്‍

Published

on

ശബരിമല-മാളികപ്പുറം മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജിയില്‍ വാദം തുടരുന്നു. നിത്യപൂജകള്‍ ചെയ്യാന്‍ യോഗ്യനായ, വിശ്വാസിയായ ഹിന്ദുവിനെ അദ്ദേഹത്തിന്റെ ജാതി പരിഗണിക്കാതെ മേല്‍ ശാന്തിയായി നിയമിക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ ബി ജെ ഹരീന്ദ്രനാഥ് വാദിച്ചു. ശേഷമ്മാള്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസ് ഉള്‍പ്പെടെ നിരവധി സുപ്രീംകോടതി വിധികളെ ഉദ്ധരിച്ചാണ് വാദം. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമത്തിന്റെയോ കെഎസ്എസ്ആര്‍ ചട്ടങ്ങളുടെയോ വ്യവസ്ഥകള്‍ പ്രകാരം ഇതിനായി നിശ്ചിത പ്രായപരിധി ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രായപരിധി ചോദ്യം ചെയ്താണ് ഇക്കാര്യം പരാമര്‍ശിച്ചത്. ‘മേല്‍ശാന്തി നിയമനത്തിനായി മലയാള ബ്രാഹ്മണരെ മാത്രമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളുമായി ഏറ്റുമുട്ടലുണ്ടാക്കുന്നുണ്ട്. ഭരണഘടന ആര്‍ട്ടിക്കിള്‍ 17 പ്രകാരം അയിത്താചരണം ഇല്ലാതാക്കിയെന്ന് മാത്രമല്ല, കുറ്റകരവുമാണ്. അയിത്താചരണത്തില്‍ ജന്മനാ ചിലരെ ശുദ്ധരും ചിലരെ അശുദ്ധരുമാക്കുന്നു’ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞു. ഹര്‍ജിക്കാര്‍ ബ്രാഹ്മണ ജാതിക്കാരല്ല. അവരെ മേല്‍ശാന്തി ജോലിക്കായി അപേക്ഷിക്കുന്നത് നിന്നും എന്തിനാണ് വിലക്കുന്നത്. ഭരണഘടന അതല്ല നിഷ്‌കര്‍ഷിക്കുന്നത്. അവര്‍ ജന്മനാ അശുദ്ധരാണെന്നത് ഒരു വിശ്വാസമാണ്. ബ്രാഹ്മണരാണെന്ന് നിങ്ങള്‍ പറയുമ്പോള്‍, ഒരാള്‍ ജന്മനാ ശുദ്ധിയുള്ളയാളാണെന്നാണ് സ്ഥാപിക്കുന്നത്. ജന്മനാ ചില ശുദ്ധരാണെന്ന വിശ്വാസത്തെ നമുക്കെങ്ങനെ മുറുകെ പിടിക്കാന്‍ കഴിയും. അതിലൂടെ നമ്മള്‍ ഭരണഘടനയെ റദ്ദ് ചെയ്യുകയാണ്,’ ഡോ ഗോപാല്‍ വാദിച്ചു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രത്യേകം സിറ്റിംഗ് വിളിച്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്നാണ് ദേവസ്വം ബോര്‍ഡ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സിജിത്ത് ടി എല്‍, വിജീഷ് പി ആര്‍, സി വി വിഷ്ണു നാരായണന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ മൂന്നിന് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന്‍, പി.ജി അജിത്ത് കുമാര്‍ എന്നിവര്‍ അംഗങ്ങളായ ദേവസ്വം ബെഞ്ച് കേസ് പ്രത്യേകമായി പരിഗണിച്ചിരുന്നു
ദേവസ്വം ബോര്‍ഡിന്റെ ജാതി വ്യവസ്ഥ നിലപാടില്‍ വിമര്‍ശനവുമായി ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version