Malayalam news

എകെജി സെന്‍റര്‍ രാത്രി ആക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം ; പ്രതിയെപറ്റി സൂചനയില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.

Published

on

സിപിഎം സംസ്ഥാന ഓഫീസായ എകെജി സെന്ററിന് നേരെ സഫോടകവസ്തു എറിഞ്ഞ കേസിൽ തുമ്പില്ലാതെ തുഴഞ്ഞ് പോലീസ്. ഇതോടെ കേസിന്റെ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തു. ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ വന്നതോടെ രാഷ്ട്രീയ പോരും ശക്തമാകുകയാണ്.ജൂൺ 30ന് രാത്രിയാണ് സ്ഫോടകവസ്ഥു എകെജി സെന്ററിലേക്ക് എറിഞ്ഞത്. ഇതിന് പിന്നാലെ തന്നെ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് കോൺഗ്രസിന് മേൽ ആദ്യ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ തന്നെ രംഗത്തുവരികയും ചെയ്തു. താൻ സിപിഎം എന്ന് പോലും പറയുന്നില്ല. ഇപി ജയരാജൻ നടത്തിയ നാടകമാണ് ഇത് എന്നായിരുന്നു സുധാകരന്റെ മറുപടി.ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ല.പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എൽ.എക്‌സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളാണ് പരിശോധിച്ചത്. അക്രമിക്ക് മുന്‍പില്‍ ഒരു സ്വിഫ്റ്റ് കാർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പറും തിരിച്ചറിയാനായിട്ടില്ല. ആകെ ലഭിച്ച മൊഴി ചെങ്കൽചൂള സ്വദേശിയായ വിജയ് എന്ന യുവാവിന്റേതാണ്. സ്‌ഫോടകവസ്തു എറിഞ്ഞ വ്യക്തി പോകുന്നത് കണ്ടെന്നാണ് പ്രത്യേക സംഘത്തോട് ഇദ്ദേഹം സമ്മതിച്ചത്.
എന്നാൽ മൊഴിക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വിഷയത്തെ പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കിയ സി.പി.എം പിന്നീട് നിലപാടില്‍ നിന്ന് വ്യതിചലിച്ചു.സംഭവത്തിന് പിന്നിലെ സി.പി.എം ബന്ധം കാരണമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ, കേസില്‍ അന്വേഷണം തുടരുകയാണെന്നാണ് സർക്കാർ വാദം. സംസ്ഥാനത്തെ പോലീസ് സംവിധാനത്തെയാകെ കബളിപ്പിച്ച് മറഞ്ഞിരിക്കുന്ന പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘത്തിനാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. എകെജി സെന്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തത് അന്വേഷണം സിപിഎമ്മിലേക്ക് എത്തിച്ചേരുമെന്നതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു . അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം തടഞ്ഞുവെന്നും പോലീസിന് ആക്രമണം നടത്തിയവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version