ആലപ്പുഴ നഗരത്തിലാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത്.
ഉത്തര്‍പ്രദേശ് സമ്പാല്‍ ഗോവിന്ദപൂര്‍ ജമീല്‍ അഹമ്മദിന്റെ മകന്‍ സെയ്ഫ് അലിയാണ് (27) മരിച്ചത്. ഇയാള്‍ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. ആലപ്പുഴ കൊട്ടാര പാലത്തിന് സമീപമായിരുന്നു അപകടം ഉണ്ടായത്.
ഭക്ഷണം കഴിച്ച ശേഷം ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് സൈക്കിളില്‍ പോകുന്ന വഴി ബസ് ഇടിക്കുകയായിരുന്നു. യുവാവ് സഞ്ചരിച്ച അതേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിന്റെ ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു.
വേഗതയില്‍ വന്ന ബസിന്റെ ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്നും റോഡിലേയ്ക്ക് സെയ്ഫ് അലി തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.