മഴക്കെടുതികളെ നേരിടുന്നതിന് സര്‍വ്വ സജ്ജമായി നിലനില്‍ക്കുന്നതിന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ള ജനങ്ങളെ എത്രയും വേഗം മാറ്റിപാര്‍പ്പിക്കും. ചാലക്കുടി മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ എം.എല്‍.എ സനീഷ് കുമാര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശനം നടത്തി പ്രതികരിക്കുകയായിരുന്നു മന്ത്രി.
പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിന് ഒഴുകിയെത്തിയ മരങ്ങള്‍ നീക്കം ചെയ്യും. വില്ലേജുകളിലെ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ച് ആളുകളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. അടുപ്പിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. 2018 ലെ പ്രളയം ഏറെ ബാധിച്ച ഒരു പ്രദേശം കൂടെയാണ് ചാലക്കുടി. അതുകൊണ്ട് തന്നെ അടിയന്തരമായ ഒരു ഇടപെടല്‍ ചാലക്കുടിയില്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ക്യാമ്പിലേക്ക് മാറുന്നവര്‍ നിര്‍ബന്ധമായും ജാഗ്രതാ നിര്‍ദേശങ്ങള്‍ കഴിയുന്നതുവരെ അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. ക്യാമ്പില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ളവ ഒരുക്കും. റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെ തന്നെ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. വെള്ളം കയറിയ ശാന്തിപുരം ഡിവൈന്‍ കെയര്‍ സെന്റര്‍, ഡിവൈന്‍ ഡീഅഡിക്ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലും ചാലക്കുടി വെട്ടുകടവ് പാലത്തില്‍ മരംകുടുങ്ങിയ പ്രദേശത്തും മന്ത്രി കെ രാജനും എംഎല്‍എ സനീഷ് കുമാറും കലക്ടര്‍ ഹരിത വി കുമാറും സന്ദര്‍ശനം നടത്തി. അടിയന്തര ഘട്ടങ്ങളില്‍ റവന്യൂമന്ത്രിയുടെ ഓഫീസിലെയും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെയും കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.