രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നു സർക്കാർ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തതായും സർക്കാർ അറിയിച്ചിട്ടുണ്ട്.ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊലീസിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവ് സംഘാടകരിൽ നിന്ന് ഈടാക്കണമെന്നും രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനെയും ഉൾപ്പടെ എതിർ കക്ഷികളാക്കി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഭാരത് ജോഡോ യാത്രയ്ക്കു ലഭിച്ച അനുമതി ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു