മലയാലപ്പുഴ വാസന്തിയമ്മ മഠത്തിലെ മന്ത്രവാദിനി വാസന്തി ചൂരല്‍ പ്രയോഗത്തിലൂടെയും അസഭ്യവര്‍ഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ആഭിചാരക്രിയകള്‍ നടത്തിയിരുന്നത്.
വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്. ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് കഴിഞ്ഞിരുന്ന വാസന്തിയെ പലര്‍ക്കും ഭയമായിരുന്നു. പലപ്പോഴും ബനിയനും ബര്‍മുഡയുമായിരുന്നു ഇവരുടെ വേഷം.
പൂജകള്‍ക്കായി വരുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയ ശേഷം അസഭ്യവര്‍ഷം നടത്തും. തുടര്‍ന്നാണ് ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ചൂരല്‍പ്രയോഗം. സ്വയം ദൈവമാണ് എന്ന് പറയുന്ന വസന്തിയുടെ അസഭ്യവര്‍ഷം കേട്ടാണ് അയല്‍വാസികള്‍ ഉറക്കമുണരുന്നത്. തന്റെ ദേഹത്തു ഒരുശക്തി കയറുമെന്നും ആ ശക്തിയാണ് അസഭ്യം പറയുന്നതും ബാധ മാറ്റുന്നതെന്നുമാണ് വാസന്തി പറയുന്നത്.
ഒരിക്കല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാടുവിട്ടുപോയ ഇവര്‍ വീണ്ടും ഇവിടെ തിരികെയെത്തുകയായിരുന്നു. ഇവര്‍ക്കെതിരെയുള്ള പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഇവര്‍ ഭീഷണിപെടുത്തിയിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെനിന്ന് അലര്‍ച്ചയും നിലവിളിയും പതിവായി കേട്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. മുന്‍പ് ഇവിടെ താമസിച്ചിരുന്ന ചെറുപ്പക്കാരനെ കാണാതായതായും പരാതിയുണ്ട്.