ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പ്രധാനമായ അംഗുലിയാങ്കം കൂത്ത് തുടങ്ങി. വെള്ളിയാഴ്ച രാവിലെ ശ്രീകോവിലിൽ നിന്ന് നൽകിയ അഗ്നി കൂത്തമ്പലത്തിലെ മണ്ഡപ ദീപത്തിൽ പകർന്നതോടെയാണ് കൂത്ത് ആരംഭിച്ചത്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലിയാങ്കം. ശ്രീരാമൻ്റെ നിയോഗപ്രകാരം ഹനുമാൻ ലങ്കയിലേക്ക് പുറപ്പെടുന്ന രംഗമാണ് ആദ്യ ദിവസം അവതരിപ്പിച്ചത്.അവകാശി കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി കൂത്തുവിളക്കിൻ്റെ അകമ്പടിയിൽ നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഭഗവാനെ വണങ്ങി. ക്ഷേത്രം മേൽശാന്തിയിൽ നിന്ന് ഭഗവദ് പ്രസാദവും ഏറ്റുവാങ്ങി. ഇനി പന്ത്രണ്ട് നാൾ ക്ഷേത്രത്തിൽ അംഗുലിയാങ്കം കൂത്ത് ഉണ്ടാകും.