രാജ്യത്ത് കേരളത്തിൽ ഉൾപ്പെടെ നായകൾക്കെതിരെ നടക്കുന്ന ക്രൂരതകളിൽ പ്രതിഷേധിച്ച് മൃഗാവകാശ സംഘടനകൾ ന്യൂഡൽഹി ജന്തർമന്തറിൽ റാലി നടത്തി. 40 ലധികം മൃഗവകാശ സംഘടനകളാണ് റാലിയിൽ പങ്കെടുത്തത്. പീപ്പിൾ ഫോർ ആനിമൽസാണ് റാലി സംഘടിപ്പിച്ചത്.സംഘടനകൾക്ക് പുറമെ നൂറു കണക്കിന് ആളുകളും റാലിയിൽ പങ്കാളികളായി. മൃഗസംരക്ഷണം സമൂഹത്തിൽ ശക്തമാകേണ്ടതുണ്ട്. അതിനായി അനുകമ്പയുടെ ശക്തി കാണിക്കുന്നതിന് നിരവധി പേർ എത്തിയിരിക്കുന്നു. അതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് പിഎഫ്എയുടെ സ്ഥാപകയും എംപിയുമായ മനേക ഗാന്ധി പറഞ്ഞു.മനുഷ്യന്റെ അത്യാഗ്രഹം, ക്രൂരത, അവഗണന, നിസ്സംഗത, അജ്ഞത, അസഹിഷ്ണുത എന്നിവക്കെതിരെ രാജ്യം പോരാടേണ്ടതുണ്ട്. നമുക്ക് മൃഗങ്ങളെ ആവശ്യമാണ്. മൃഗങ്ങൾക്ക് നമ്മളെ കൂടുതൽ ആവശ്യമായി വന്ന സമയം ഉണ്ടായിട്ടില്ല. നിയമങ്ങൾ പോലും മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.നിരവധി പേരാണ് നായ്ക്കളുടെ സംരക്ഷണത്തിന് വേണ്ടി സംഘടനയ്ക്ക് പിന്തുണയുമായി എത്തിയത്. നായ്ക്കൾ എപ്പോഴും നമ്മുടെ വീടിന്റെയും ഹൃദയത്തിന്റെയും ഭാഗമാണ്. അവർ നമുക്ക് സ്‌നേഹവും വിശ്വസ്തതയും നൽകുന്നു. അങ്ങനെയുള്ള അവയോട് എങ്ങനെ വെറുപ്പും വിദ്വേഷവും കാണിക്കാൻ കഴിയും എന്ന് നടി സോനം കപൂർ പറഞ്ഞു. നടി ദിവ്യാ സേത്തും സംഘടനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.