ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ക്രിസ്തുമസ് ആഘോഷം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ ആഘോഷിക്കാമെന്നതാണ് പ്രത്യേകത. എന്നാല്‍ പുതിയ കൊവിഡ് വകഭേദങ്ങളുടെ വാര്‍ച്ച ചെറിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്ന സമയം കൂടിയാണിത്.ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ക്രിസ്തുമസ്. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും ആളുകള്‍ വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.