അതിരപ്പിള്ളി വനമേഖലയിൽ ഒരു ആനയെക്കൂടി അവശനിലയിൽ കണ്ടെത്തി. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് അവശതയിലായ ആനയെ കണ്ടെത്തിയത്. വനം മന്ത്രിയുടെ നിർദേശ പ്രകാരം ആനക്ക് ചികിത്സ നൽകാൻ രണ്ടു വിദഗ്ദ ഡോക്ടർമാർ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചു. കാലവർഷക്കെടുതിയിൽപ്പെടുന്ന ആനകളെ സംരക്ഷിക്കുമെന്നും ആവശ്യമായ ചികിത്സ നൽകുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം പിള്ളപ്പാറയിൽ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് കാട്ടിലേക്ക് കയറിയ ആനയെ നേരത്തേ കണ്ടെത്തിയിരുന്നു. ശക്തമായ ഒഴുക്കിൽപെട്ട ആനക്ക് പരിക്ക് പറ്റിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വനത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. അതിരപ്പിള്ളി വനമേഖലയിൽ കൂടുതൽ ആനകൾ അവശനിലയിൽ കഴിയുന്നുണ്ടോയെന്ന് കണ്ടെത്താൻ വനം മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗിന് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പരിശോധന നടക്കുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.