ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എപിജെ. അബ്ദുൽ കലാം. ലാളിത്യമായിരുന്നു എന്നും എപിജെയുടെ മുഖമുദ്ര. ഇന്ത്യ കണ്ട മികച്ച രാഷ്ടപതിയെന്ന നിലയിലും ഇന്ത്യയുടെ മിസൈൽ മാനായും ഇന്നും ജന ഹൃദയത്തിൽ തന്നെയാണ് അബ്ദുൾ കലാമിന്‍റെ സ്ഥാനം. കുട്ടികൾക്കും യുവാക്കൾക്കും ഏതു പ്രതിസന്ധിയിലും പ്രചോദനമായിരുന്നു കലാമിന്‍റെ വാക്കുകൾ.തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ബഹിരാകാശഗവേഷണകേന്ദ്രം തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തി.ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയിടെയും ഭാഗമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, ബാലിസ്റ്റിക് മിസൈൽ എന്നിവയുടെ വികസനത്തിനും ഏകോപനത്തിനും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകി. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മാൻ’ എന്നും കലാമിനെ വിശേഷിപ്പിക്കാറുണ്ട്. 1998ലെ പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിലെ മാസ്റ്റർ മൈൻഡും കലാം തന്നെ. 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയും , പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഒരേ പോലെ പിന്തുണച്ച രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. . ജനകീയ നയങ്ങൾ കൊണ്ട് “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായി അദ്ദേഹം. രാഷ്ട്രപതി ഭവനിലും ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചിരുന്ന പല സൗകര്യങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. . ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു