ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആപേക്ഷികതാസിദ്ധാന്തത്തിലൂടെ പുതിയൊരു പ്രപഞ്ച വീക്ഷണത്തിന് വഴിയൊരുക്കിയ പ്രതിഭയുടെ പര്യായമാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആദ്യകാലത്ത് ഭൗതികശാസ്ത്രജ്ഞർക്കുതന്നെ മനസ്സിലാക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്രലോകം ഇപ്പോഴും അപഗ്രഥിച്ചു തീർന്നിട്ടില്ല.പാറിപ്പറക്കുന്ന ചീകിയൊതുക്കാത്ത മുടിയും ഇസ്തിരി വടിവില്ലാത്ത വസ്ത്രങ്ങളുമായി ലളിതജീവിതം നയിച്ച ഐൻസ്റ്റൈന്റെ നിയോഗം ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റുകയെന്നതായിരുന്നു. സ്കൂളിൽ പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കാനിഷ്ടപ്പെട്ട ശരാശരി വിദ്യാർത്ഥി ആൽബർട്ട് ഐൻസ്റ്റൈൻ എന്ന മഹാശാസ്ത്രജ്ഞനായ കഥ ആധുനിക ഭൗതികശാസ്ത്രത്തിന്റെ ചരിത്രം കൂടിയാണ്