അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി. കബറടക്കം നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെല്ലാം നിലമ്പൂരിലെത്തി. ആയിരങ്ങളാണ് ആര്യാടന് അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ മുതല്‍ വസതിയില്‍ എത്തിയത്.വൃക്കരോഗത്തെത്തുടര്‍ന്ന് ഈ മാസം 14 മുതൽ ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു നിര്യാണം. ആര്യാടൻ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിൽ ജനിച്ച ആര്യാടൻ മുഹമ്മദ് 4 തവണ മന്ത്രിയും 8 തവണ നിലമ്പൂർ എംഎൽഎയുമായിരുന്നു.