ബസിൽ കയറുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് എസ്.ഐ.യ്ക്ക് പരുക്കേറ്റു. ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ. അറമുഖനെ (55) കൈയ്ക്കും ചുണ്ടിനും പരിക്കേറ്റതിനെത്തുടർന്ന് മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ തൃശ്ശൂരിലേക്കുള്ള ബസിൽ കയറ്റിവിടാൻ വന്നതായിരുന്നു അറമുഖൻ. യൂണിഫോമിൽ അല്ലായിരുന്നു.തൃശ്ശൂരിലേക്ക് പോരുന്നില്ലേയെന്ന് കണ്ടക്ടർ എസ്.ഐ.യോട് ചോദിച്ചു. ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ എസ്.ഐ. ഇല്ലെന്ന് മറുപടി പറയുകയും എന്തിനാണ് ഇങ്ങനെ ആവർത്തിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. ഇത് തർക്കത്തിനിടയാക്കി.കണ്ടക്ടർ തള്ളിയപ്പോൾ എസ്.ഐ. വീഴുകയായിരുന്നു. റോഡിൽ ചുണ്ടുരഞ്ഞ് മുറിവേറ്റു. എന്നാൽ, പോലീസാണെന്ന് അറിയാതെയാണ് ബസ് ജീവനക്കാർ മർദിച്ചതെന്ന് പറയുന്നു. നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പി.ആർ. ബസിലെ കണ്ടക്ടർ രഞ്ജിത്തിന്റെ (34) പേരിൽ കേസെടുത്തു.