കൊച്ചി: സിനിമാ സംവിധായകനും ഐ.ടി. വ്യവസായ സംരംഭകനുമായ അശോക് കുമാർ (അശോകൻ – 60) അന്തരിച്ചു. അശോകൻ-താഹ കൂട്ടുകെട്ടിലും അല്ലാതെയും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വർണം, ആചാര്യൻ സിനിമകളുടെ സംവിധായകനായിരുന്നു. അശോകൻ – താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും സംവിധാനം ചെയ്തു.ശശികുമാറിന്റെ സഹസംവിധായകനായിട്ടാണ് സിനിമാലോകത്ത് എത്തിയത്. 35 ഓളം സിനിമകളിൽ സഹസംവിധായകനായിരുന്നു. സിനിമാ പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി. വിവാഹത്തിനുശേഷം സിങ്കപ്പൂരിലേക്ക് മാറി ബിസിനസ്സിൽ ശ്രദ്ധ പതിപ്പിച്ചു. അതിനിടെ കൈരളി ടി.വി.യുടെ തുടക്കത്തിൽ ‘കാണാപ്പുറങ്ങൾ’ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐ.ടി. കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. സിങ്കപ്പൂരിലായിരുന്നു താമസം. വർക്കല സ്വദേശിയാണ്. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടാണ് മരണം.ഭാര്യ: സീത. മകൾ: ഗവേഷണ വിദ്യാർഥിയായ അഭിരാമി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനിൽ പൊതുദർശനത്തിനുശേഷം വർക്കലയിലെ കുടുംബവീട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.