Kerala

അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

Published

on

മലപ്പുറം മുതുവല്ലൂർ പഞ്ചായത്തിലെ അസി. എഞ്ചിനീയർ കൊല്ലം ചിറയിൽ തെക്കേതിൽ എസ്. ബിനീത (43)യാണ് വിജിലൻസിന്‍റെ പിടിയിലായത്. പൊതുമരാമത്ത് കരാറുകാരൻ കൊണ്ടോട്ടിയിലെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. മരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് നാലു ലക്ഷം രൂപയുടെ ബിൽ മാറാൻ കരാറുകാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയിലായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്.

മുതുവല്ലൂർ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടാണ് ഷാഫിയിൽ നിന്ന് ബിനീത കൈക്കൂലി വാങ്ങിയത്. ഈ പണിയുടെ കരാറെടുത്ത ഷാഫിയ്ക്ക് നേരത്തെ 91000 രൂപ പാസാക്കി കിട്ടിയിരുന്നു. നിർമാണം പൂർത്തിയായ ശേഷം ബാക്കി തുകയുടെ ബിൽ മാറാൻ ബിനീത രണ്ട് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടതോടേയാണ് ഷാഫി വിജിലൻസിൽ പരാതി നൽകിയത്.

ഇതോടെ വിജിലൻസ് നിർദേശ പ്രകാരം ഫിനോഫ്താലിൻ പുരട്ടിയ കറൻസി നോട്ടുകൾ ഷാഫി ബിനീതയ്ക്ക് നല്‍കി. വിജിലൻസ് സംഘം കഴിഞ്ഞ ദിവസം രാവിലെ മുതൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നു. എന്നാൽ വൈകീട്ട് മൂന്ന് മണിയോടെ ബിനീത ഓഫീസിൽ എത്തി. ഓഫീസിൽ വരുന്ന വിവരം ഷാഫിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ ഉടൻ പണവുമായി എത്താൻ ബിനീത നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറുന്നതിനിടെ ബിനീതയെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിനീതയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ മോഹൻദാസ്, ശ്രീനിവാസൻ, എ.എസ്.ഐ. സലിം, പ്രജിത്ത്, രത്നകുമാരി, ശ്യാമ, സുബിൻ, ഷിഹാബ്, സുനിൽ, പി.എൻ. മോഹനകൃഷ്ണൻ, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ബിനീതയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയത്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version