ഇന്ന് രാവിലെ സ്ക്കൂളിലെത്തിയ വിദ്യാർത്ഥികളാണ് ക്ലാസ്സ് മുറിയുടെ ജനലിൽ പറ്റി പിടിച്ചിരിക്കുന്ന ഭീമൻ ചിത്ര ശലഭത്തെ കണ്ടത്. ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ അറ്റ്‌ലസ് ശലഭം അഥവാ സർപ്പശലഭമാണ് സ്കൂളിൽ എത്തിയ ഈ അതിഥി.
അറ്റാക്യൂസ് ടേപ്‌റോബാനിസ് (Attacus taprobanis) എന്നാണ് ഇവയുടെ ശാസ്ത്ര നാമം നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ 240 മില്ലീമീറ്റർ നീളമുള്ള ഇവക്ക് ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. മുൻചിറകുകളിൽ പാമ്പിന്‍റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകൾ ഉള്ളതിനാൽ ആണ് ഇവയെ സർപ്പശലഭം അല്ലെങ്കിൽ നാഗശലഭം എന്നൊക്കെ വിളിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ.